മൂന്ന് ജുമുഅ അടുപ്പിച്ച് ഒഴിവായാൽ കുഫ്ർ സംഭവിക്കുമോ..?

(സംശയ നിവാരണം)

ചോ : മൂന്ന് ജുമുഅ അടുപ്പിച്ച് ഒഴിവായാൽ കുഫ്ർ സംഭവിക്കുമോ..?


ഉ : ജുമുഅ ആയാലും മറ്റേത് ഫര്‍ള് നിസ്കാരമായാലും ഒഴിവാക്കി എന്നത് കൊണ്ട് മാത്രം ഒരാള്‍ കാഫിറാകുകയില്ല. എന്നാല്‍ അതിശക്തമായ ശിക്ഷയാണ് ദുനിയാവിലും ആഖിറത്തിലും നിസ്കാരം ഉപേക്ഷിക്കുന്നവന് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അതില്‍പ്പെട്ടതാണ് (യാതൊരു കാരണവും കൂടാതെ) നിസ്സാരമായിക്കണ്ട് മൂന്ന് ജുമുഅ ഒരാള്‍ ഒഴിവാക്കിയാല്‍ അയാളുടെ ഹൃദയത്തിന് അല്ലാഹു ﷻ സീല് വെക്കും – അഥവാ അവന്‍റെ ഹൃദയം മുനാഫിഖിന്‍റെ ഹൃദയമാക്കും എന്ന റസൂല്‍ ﷺ യുടെ മുന്നറിയിപ്പ്.
(അബൂദാവൂദ്, തിര്‍മ്മിദി, നസാഇ) 
☘☘☘☘☘☘

ചോ : *സൂറത്തുൽ കഹ്ഫ് ജുമുഅക്ക് മുൻപ് തന്നെ ഓതണമോ? ജുമുഅ കഴിഞ്ഞ ശേഷം ഓതിയാൽ ആ പ്രത്യേക കൂലി കിട്ടുമോ..?*

ഉ : വ്യാഴാഴ്ച പകല്‍ സൂര്യന്‍ അസ്തമിച്ചതു മുതല്‍ (ശറഉ പ്രകാരം വെള്ളിയാഴ്ച രാവ്) വെള്ളിയാഴ്ച സൂര്യന്‍ അസ്തമിക്കുന്നതിനിടയില്‍ ഏതു സമയത്ത് അല്‍ കഹ്ഫ് സൂറത്ത് ഓതിയാലും വെള്ളിയാഴ്ച ഓതിയതിന്‍റെ പ്രത്യേക പ്രതിഫലം ലഭിക്കും... 

അടുത്ത ജുമുഅവരെ പ്രത്യേക പ്രഭ നല്‍കപ്പെടുക, മക്കവരെ നീണ്ടു കിടക്കുന്ന പ്രകാശം നല്‍കപ്പെടുക, അടുത്ത ജുമുഅക്കിടയില്‍ സംഭവിച്ച ചെറു ദോശങ്ങള്‍ പൊറുക്കപ്പെടുക, ദജ്ജാല്‍, കുഷ്ഠം, വെള്ളപാണ്ട്, തളര്‍വാദം, മറ്റു രോഗങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള മോചനം, എഴുപതിനായിരം മലക്കുകളുടെ പ്രാര്‍ത്ഥന എന്നിവ വെള്ളിയാഴ്ച അല്‍ കഹ്ഫ് സൂറത്ത് ഓതുന്നതിന്‍റെ നേട്ടങ്ങളാണ്.

എങ്കിലും രാത്രിയേക്കാള്‍ ഏറ്റവും ഉത്തമം പകലിലോതുന്നതാണ്. പകലില്‍ തന്നെ സുബ്ഹിക്കു ശേഷമാണുത്തമം. സൂര്യനുദിക്കുന്നതിനു മുമ്പാണെന്നും അസ്വറിനു മുമ്പാണെന്നും അഭിപ്രായങ്ങളുണ്ട്.
ചോ : *യാത്രക്കാരന് ജുമുഅയുടെ കൂടെ. നിസ്‌കാരം ജംആക്കി നിസ്‌കരിക്കാമോ..?*

ഉ : യാത്രക്കാരന്, അസ്ർ നിസ്കാരം ളുഹ്റിന്‍റെ കൂടെ മുന്തിച്ച് ജംആക്കി നിസ്കരിക്കാവുന്നതാണ്. വെള്ളിയാഴ്ച ദിവസം ളുഹ്റ് നിസ്കാരത്തിന് പകരം ഉള്ളതാണല്ലോ ജുമുഅ. അത് കൊണ്ട് തന്നെ യാത്രക്കാരന്‍ ജുമുഅ നിസ്കരിക്കുകയാണെങ്കില്‍ അതിനോടൊപ്പം അസ്റിനെ മുന്തിച്ച് ജംഅ് ആക്കാമെന്ന് ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ചില പണ്ഡിതര്‍ അക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായും കാണാം. അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍. ആരാധനാകര്‍മ്മങ്ങള്‍ ശരിയായ രീതിയില്‍ നിര്‍വ്വഹിക്കാന്‍ അവന്‍ തുണക്കട്ടെ... (ആമീൻ)
☘☘☘☘☘☘

ചോ : *നീക്കേണ്ട നഖവും രോമവും 40 ദിവസങ്ങള്‍ക്കുള്ളില്‍ വടിക്കുകയോ വെട്ടുകയോ വേണം എന്ന് പറയുന്നത് ശരിയാണോ? 40 ദിവസത്തിനു ശേഷം അവ വിഷാംശമുള്ളതായി മാറുമെന്നത് പറയുന്നത് ശരിയാണോ? ഇത് സ്ത്രീക്കും പുരുഷനും ബാധകമാണോ..?*

ഉ : നഖവും ശരീരത്തിലെ നീക്കേണ്ട രോമങ്ങളുമെല്ലാം ആവശ്യമാവുന്ന മുറക്ക് നീക്കേണ്ടതാണ്. അവ നീക്കം ചെയ്യാതെ വളര്‍ത്തുക എന്നത് പ്രവാചക ചര്യക്ക് വിരുദ്ധമാണ്. ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, അഞ്ച് കാര്യങ്ങള്‍ മനുഷ്യപക്വതയില്‍ (ഫിത്റത്) പെട്ടതാണ്, ഗുഹ്യരോമം നീക്കം ചെയ്യല്‍, ചേലാകര്‍മ്മം, മീശ വെട്ടല്‍, കക്ഷരോമം പറിച്ചുകളയല്‍, നഖം വെട്ടല്‍...
• വെള്ളിയാഴ്ച ദിവസത്തെ മര്യാദകള്‍ പറയുന്നിടത്ത് വ്യാഴാഴ്ച വൈകിട്ടോ വെള്ളിയാഴ്ച ജുമുഅക്ക് മുമ്പോ ആയി, നഖം വെട്ടുക, മുടികള്‍ നീക്കം ചെയ്യുക തുടങ്ങിയവ പറഞ്ഞതായി കാണാം, അഥവാ, ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത്തരം കാര്യങ്ങള്‍ ചെയ്തിരിക്കല്‍ പുണ്യമാണ് എന്നര്‍ത്ഥം. ഇത്തരം ഹദീസുകളുടെ വ്യാഖ്യാനത്തില്‍ ഇമാം നവവി (റ) പറയുന്നു, പ്രവാചകരുടെ അനുയായികള്‍ ഈ കാര്യങ്ങളൊന്നും സമമായാല്‍ ഒട്ടും പിന്തിപ്പിക്കാറില്ലായിരുന്നു, വല്ല കാരണങ്ങളാലും കൃത്യസമയത്ത് ചെയ്യാന്‍ കഴിയാതെ പോയാല്‍തന്നെ, അവരാരും നാല്‍പത് ദിവസത്തിലധികം അവയൊന്നും പിന്തിക്കാറില്ലായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാവാം നാല്‍പത് ദിവസത്തില്‍ ഒരിക്കലെങ്കിലും ഇത്തരം കാര്യങ്ങള്‍ ചെയ്തിരിക്കണം എന്ന് പറയുന്നത്...

ചോദ്യകര്‍ത്താവ് പറഞ്ഞപോലെ, നാല്‍പത് ദിവസം കഴിഞ്ഞാല്‍ വിഷാംശമുള്ളതായി മാറുമെന്ന് ഗ്രന്ഥങ്ങളില്‍ ഉള്ളതായി അറിവായിട്ടില്ല. നഖം നീക്കം ചെയ്യാതെ നീട്ടിവളര്‍ത്തിയാല്‍ അതിന് കീഴില്‍ ചെളിയോ മറ്റു  രോഗാണുക്കളോ ഒക്കെ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്ന് പറയേണ്ടതില്ലല്ലോ. വൃത്തിയാക്കല്‍ പ്രയാസകരമായ, മേല്‍പറഞ്ഞ രോമങ്ങളുള്ള ഇടങ്ങളിലും അത്തരം സാഹചര്യം ഉണ്ടാവാനുള്ള സാധ്യത ഏറെയാണെന്ന് കേവലചിന്ത കൊണ്ട് തന്നെ മനസ്സിലാക്കാവുന്നതാണല്ലോ. മേല്‍പറഞ്ഞതൊക്കെ സ്ത്രീക്കും പുരുഷനും ഒരു പോലെ ബാധകം തന്നെയാണ്.

Comments

Popular posts from this blog

ഓണാഘോഷം ഇസ്ലാമിൽ