മരിച്ചുപോയ ആളുകളുടെ ഫോട്ടോകള്‍ ഉപയോഗിക്കുന്നതിനെ പറ്റി എന്താണ് മതനിയമം? മത സംഘടനകളുടെ സമ്മേളനത്തില്‍ പോലും ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ഫോട്ടോകള്‍ ധാരാളം ഉപയോഗിക്കുന്നു, അത് തെറ്റല്ലേ?
ചിത്രങ്ങളെ കുറിച്ച് വിവിധ അഭിപ്രായങ്ങള്‍ പണ്ഡിതര്‍ക്കിടയില്‍ നിലവിലുണ്ട്. ചിത്രം വരക്കല്‍ നിരുപാധികം നിഷിദ്ധമാണെന്ന് ഒരു വിഭാഗം പണ്ഡിതര്‍ പറയുന്നുണ്ട്. ആഇശ (റ)യുടെ വീട്ടിലെ പുതപ്പിലെ ചിത്രങ്ങള്‍ കണ്ട് നബി തങ്ങള്‍ മുഖം വിവര്‍ണ്ണനായി ഇറങ്ങിപ്പോയ സംഭവം ഇതിന് തെളിവായി അവര്‍ ഉദ്ധരിക്കുന്നുമുണ്ട്. എന്നാല്‍ കൈകൊണ്ട് തൊട്ടുനോക്കിയാല്‍ തടി വ്യക്തമാകാത്ത ചിത്രങ്ങള്‍ക്ക് പ്രശ്നമില്ലെന്നും തടിയുള്ളവ പാടില്ലെന്നുമാണ് മറ്റു ചില പണ്ഡിതരുടെ അഭിപ്രായം. ആത്മാവ് നല്‍കപ്പെട്ടാല്‍ ജീവന്‍ ലഭിക്കും വിധം ശരീരത്തിന്‍റെ സുപ്രധാന ഭാഗങ്ങളെല്ലാം അടങ്ങിയ ചിത്രമാണെങ്കില്‍ നിഷിദ്ധമാണെന്നും മുറിക്കപ്പെട്ട ഭാഗങ്ങള്‍ മാത്രമാണെങ്കില്‍ പ്രശ്നമില്ലെന്നും മറ്റൊരു അഭിപ്രായവും കാണാം. എന്നാല്‍, ഇന്ന് നിലവിലുള്ള ഫോട്ടോ എടുക്കുന്ന രീതിയില്‍, വസ്തുക്കളുടെ നിഴല്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് പിടിച്ചു നിര്‍ത്തുക മാത്രമാണെന്നും അത്കൊണ്ട് തന്നെ ഇതിന് വിലക്കില്ലെന്നും പലരും സമര്‍ത്ഥിക്കുന്നുണ്ട്. തര്‍ശീഹ് പോലോത്ത ഗ്രന്ഥങ്ങളില്‍ ഇത് കാണാവുന്നതാണ്. മരിച്ചവരുടേതായാലും ജീവിച്ചിരിക്കുന്നവരുടെതായാലും ഫോട്ടോകള്‍ ഉപയോഗിക്കുന്നതിന്‍റെ നിയമം ഇതുതന്നെയാണ്. അതേ സമയം, ഷോപ്പുകളിലും മറ്റും കാണപ്പെടുന്ന പൂര്‍ണ്ണരൂപത്തോട് കൂടിയ കട്ടൌട്ടുകളും മോഡല്‍ വസ്ത്രങ്ങളുടെ പ്രദര്‍ശനത്തിനായി ഉപയോഗിക്കുന്ന മനുഷ്യരൂപങ്ങളും നിഷിദ്ധമാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. വിവിധ അഭിപ്രായങ്ങള്‍ പരിഗണിക്കുമ്പോള്‍, അത്യാവശ്യ ഘട്ടങ്ങളല്ലാത്തിടത്തൊക്കെ പരമാവധി ഫോട്ടോ ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലത്. പണ്ഡിതരുടെയും മറ്റും ഫോട്ടോകള്‍ വെച്ചുള്ള പ്രചാരണങ്ങള്‍ നിരുല്‍സാഹപ്പെടുത്തേണ്ടത് തന്നെയാണ്.

Comments
Post a Comment