ദിവസങ്ങളോളം ഉള്ള ട്രെയിന്‍ യാത്രകളില്‍ എങ്ങനെയാണ് നിസ്കാരം മുടക്കമില്ലാതെ നിര്‍വഹിക്കുക..?

നിസ്കാരം ശരീരം കൊണ്ട് ചെയ്യുന്ന കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമാണ്. ബുദ്ധിസ്ഥിരതയുള്ള കാലത്തോളം അതിന്റെ ബാധ്യത ഒഴിവാകുകയില്ല. എവിടെയായിരുന്നാലും അത് കഴിയും വിധം നിര്‍വ്വഹിക്കാന്‍ ബാധ്യതപ്പെട്ടവനാണ് വിശ്വാസി. നിന്നുകൊണ്ട് കഴിയില്ലെങ്കില്‍ ഇരുന്നും അതിന് കഴിയില്ലെങ്കില്‍ കിടന്നും അതും സാധ്യമല്ലെങ്കില്‍ മനസ്സില്‍ നിസ്കാരത്തിന്റെ കര്‍മ്മങ്ങള്‍ നടത്തിയെങ്കിലും അത് നിര്‍വ്വഹിക്കേണ്ടതാണ്...

 ഇന്ന് ലഭ്യമായ യാത്രാ സൗകര്യങ്ങളില്‍ ട്രെയിന്‍ ആണ് നിസ്കരിക്കാന്‍ ഏറ്റവും സൗകര്യം. ഇടക്കിടെ വണ്ടി സ്റ്റേഷനുകളില്‍ നിര്‍ത്തുമ്പോള്‍ വുളൂഅ്‌ ചെയ്ത് നിസ്കരിക്കാവുന്നതാണ്. അതിന് സാധിക്കുന്നില്ലെങ്കില്‍ ട്രെയിനിനകത്ത് തന്നെ വുളൂഅ്‌ ചെയ്ത് അകത്ത് വെച്ചും നിസ്കരിക്കാവുന്നതാണ്. ഖിബ് ലയുടെ ദിശ അറിയാന്‍ സഹായിക്കുന്ന ഏതെങ്കിലും ഉപകരണം കൈയ്യില്‍ കരുതണമെന്ന് മാത്രം. ഖിബ് ല ഏത് ദിശയിലാണെന്ന് കൃത്യമായി അറിയാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലെങ്കില്‍ ഏകദേശ ധാരണ വെച്ചും നിസ്കാരം നിര്‍വ്വഹിക്കാവുന്നതാണ്.
☘☘☘☘☘☘

ചെരിഞ്ഞ് കിടന്നും മലര്‍ന്നു കിടന്നും കണ്‍പോളകൊണ്ടും നിസ്കരിക്കുന്നതിന്‍റെ രൂപം വ്യക്തമാക്കാമോ..?

☘നിന്ന് നിസ്കരിക്കാന്‍ സാധിക്കാത്തവന്‍ ഇരുന്നും അതും സാധിക്കാത്തവന്‍ കിടന്നും നിസ്കരിക്കേണ്ടതാണ്. വലത് ഭാഗത്തിന്മേല്‍ ചെരിഞ്ഞ് ശരീരത്തിന്‍റെ മുന്‍ഭാഗവും മുഖവും ഖിബ് ലയിലേക്ക് തിരിയുന്നവിധമായിരിക്കണം കിടക്കേണ്ടത്. വലത് ഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇടത് ഭാഗത്തിന്മേല്‍ കിടക്കാവുന്നതാണ്. അതിനും സാധിച്ചില്ലെങ്കില്‍ പിന്നെ കാലിന്‍റെ പള്ള ഖിബലയിലേക്ക് ആവും വിധം മലര്‍ന്നു കിടക്കുക. അങ്ങനെ കിടക്കുമ്പോള്‍, മുഖം ഖിബ് ലയിലേക്ക് തിരിയാനായി തലക്ക് താഴെ തലയിണയോ മറ്റോ വെച്ച് തല അല്‍പം ഉയര്‍ത്തല്‍ നിര്‍ബന്ധമാണ്. കിടന്നു നിസ്കരിക്കുമ്പോള്‍ റുകൂഉം സുജൂദും സാധാരണപോലെ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പകരമായി തല കൊണ്ട് ഖിബ് ലയുടെ നേരെ ആംഗ്യം കാണിക്കുകയാണ് വേണ്ടത്. റുകൂഇന് വേണ്ടി ആംഗ്യം കാണിക്കുന്നതിനേക്കാള്‍ അല്‍പം കൂടുതലായി സുജൂദിന് വേണ്ടി ആംഗ്യം കാണിക്കേണ്ടതാണ്. ഇനി തല കൊണ്ട് ആംഗ്യം കാണിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കണ്‍പോളകള്‍ കൊണ്ട് അവക്ക് വേണ്ടി ആംഗ്യം കാണിക്കേണ്ടതാണ്. ഇനി അങ്ങനെയും സാധിക്കുന്നില്ലെങ്കില്‍, നിസ്കാരത്തിലെ കര്‍മ്മങ്ങളെ മനസ്സില്‍ നടത്തുകയെങ്കിലും വേണം എന്നതാണ് വിധി...

 നിസ്കാരം എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ബുദ്ധിസ്ഥിരത ബാക്കിയുള്ള സമയത്തോളം അത് നിര്‍ബന്ധമാണെന്നും ഇതില്‍നിന്ന് തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ.
☘☘☘☘☘☘


സുബ്ഹിയുടെ സുന്നത്ത് നിസ്കരിക്കാന്‍ പറ്റിയില്ലെങ്കില്‍ സുബ്ഹിക്ക് ശേഷം നിസ്കരിക്കാമോ..?

☘എല്ലാ നിസ്കാരത്തിന്റെയും മുമ്പുള്ള സുന്നത്ത് നിസ്കാരത്തിന്റെ സമയം ആ നിസ്കാരത്തിന്റെ സമയമായത് മുതല്‍ സമയം അവസാനിക്കുന്നത് വരെയാണ്. ഫര്‍ള് നിസ്കരിച്ചതിനു ശേഷവും മുമ്പുള്ള സുന്നത്ത് നിസ്കരിക്കാം. അത് അദാഅ് തന്നെയാണ്. സുബ്ഹിന് ശേഷം നിസ്കാരം ശക്തമായ കറാഹത്ത് (തഹരീമിന്‍റെ കറാഹത്ത്) ആണ്. എന്നാല്‍ ആ സമയത്ത് പാടില്ലാത്തത് പ്രത്യേക കാരണമില്ലാത്ത നിസ്കാരങ്ങളും (നിരുപാധിക സുന്നത്ത് നിസ്കാരം, തസ്ബീഹ് നിസ്കാരം പോലെ) പിന്തിയ കാരണങ്ങളുള്ള നിസ്കാരങ്ങളും (ഇഹ്റാമിന്‍റെയും ഇസ്തിഖാറതിന്‍റെയും നിസ്കാരങ്ങള്‍ പോലെ) മാത്രമാണ്. മുന്തിയ കാരണമുള്ള നിസ്കാരങ്ങള്‍ നഷ്ടപ്പെട്ട ഫര്‍ളോ സുന്നത്തോ ആയ നിസ്കാരങ്ങള്‍ ഇവ ഈ സമയത്ത് നിര്‍വ്വഹിക്കല്‍ കറാഹത്തല്ല...

 മുന്തിയ കാരണമുള്ള നിസ്കാരങ്ങളെന്നാല്‍ വുളൂഇന്റെ രണ്ട് റക്അത്ത് പോലെയാണ്. ആദ്യം വുളൂഅ്‌ എടുത്ത് പിന്നെ രണ്ട് റകഅത്ത് നിസ്കാരം. പിന്തിയ കാരണമുള്ളത് എന്നാല്‍ ഇഹ്റാമിന്റെ രണ്ട് റക്അത്ത് പോലോത്തതാണ്. ഇഹ്റാമിന്റെ മുമ്പാണ് ഈ രണ്ട് റകഅത്ത് നിസ്കരിക്കേണ്ടത്. ആയതിനാല്‍ സുബ്ഹിന് ശേഷവും അതിന്റെ രണ്ട് റക്അത് റവാതിബ് നിസ്കാരം നിർവ്വഹിക്കാം.
☘☘☘☘☘☘

മുമ്പിലെ മറ ഇല്ലാതെ നിസ്കരിക്കുന്ന ആളുടെ മുമ്പിൽ കൂടി നടക്കുന്നവ എത്ര അകലം പാലിച്ചു നടക്കണം..?


☘നിസ്കരിക്കുന്നവന്‍ മുമ്പില്‍ മറ വെക്കല്‍ സുന്നത്താണ്. അങ്ങനെ മറ വെച്ച് നിസ്കരിക്കുന്നവനു മുന്നിലൂടെ നടക്കുന്നത് ഹറാമാണ്. മറ വെച്ചില്ലെങ്കില്‍ അവന്റെ മുന്നിലൂടെ നടക്കുന്നത് ഹറാമല്ലെങ്കിലും നടക്കാതിരിക്കുന്നതാണുത്തമം. മറയില്ലാതെ നിസ്കരിക്കുന്നവന്റെ മുന്നിലൂടെ നടക്കുന്നവന്‍ മൂന്ന് മുഴം അകലം പാലിച്ച് നടക്കണം.

Comments

Popular posts from this blog

മുടി കറുപ്പിക്കുന്നതിന്റെ വിധി എന്താണ്, ഗള്‍ഫ്‌ നാടുകളില്‍ ഭരണാധികാരികള്‍ മുടി കറുപ്പിക്കുന്നത് ധാരാളം കാണുന്നു, മറ്റു മദ്ഹബുകളില്‍ ഇതിനു വല്ല ഇളവും ഉണ്ടോ?

ശാഫിഈ മദ്ഹബ് പ്രകാരം ഉറങ്ങാതെ തഹജ്ജുദ് നിസ്കരിക്കുന്നതിന്റെ വിധി എന്താണ്?

കൊറോണയെ പ്രതിരോധിക്കാന്‍ എല്ലായിടത്തും സാനിറ്റൈസര്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍ വന്‍തോതില്‍ ആള്‍കഹോള്‍ ചേര്‍ത്താണ് ഇവയില്‍ ചിലതൊക്കെ നിര്‍മ്മിക്കുന്നത് എന്ന് അറിയുന്നു. ഇത് നജസ് ആണോ? അവ ഉപയോഗിച്ചാല്‍ നിസ്കാരം ശരിയാകുമോ?