കുട്ടികൾക്ക് മുലയൂട്ടുന്നതിനെ കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നത് ഇങ്ങനെയാണ്. മാതാക്കൾ തങ്ങളുടെ മക്കളെ രണ്ട് വർഷം മുലയൂട്ടണം, മുലകുടി കാലം പൂർത്തീകരിക്കാൻ ഉദ്ദേശിച്ചവർക്ക് (സൂറത്തുൽ ബഖറ 233). രണ്ടു വർഷം മുലയൂട്ടുന്ന തോടെ അതിൻറെ കാലാവധി പൂർത്തിയാകുമെന്നാണ് ഇതിൽനിന്ന് മനസ്സിലാവുന്നത്. അതുകൊണ്ട് തന്നെ, രണ്ട് വർഷത്തിന് ശേഷം കുട്ടിക്ക് മുലപ്പാൽ സാധാരണ പക്ഷം പോലെ മാത്രമേ ആകുന്നുള്ളൂ എന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടതായി കാണാം. ഉമ്മയുടെ മുലപ്പാലിലൂടെ ഉദ്ദേശിക്കപ്പെടുന്ന ഫലങ്ങൾ കുട്ടിക്ക് സാധാരണഗതിയിൽ ലഭ്യമാകുന്നത് 2 വയസ്സ് വരെയുള്ള മുലയൂട്ടലിലൂടെയാണെന്ന് ഇന്ന് ആധുനിക വൈദ്യശാസ്ത്രവും പറയുന്നുണ്ടെന്നത് ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. അതേ സമയം രണ്ട് വർഷത്തിലധികം മുലയൂട്ടുന്നത് കുട്ടിയുടെ ക്ഷീണമോ ശക്തിക്കുറവോ കാരണം ആവശ്യമാണെന്ന് തോന്നിയാൽ ചെയ്യാവുന്നതാണെന്നാണ് പണ്ഡിതർ പറയുന്നത്.
ഭാര്യയുടെ ഭംഗിക്ക് കുറവ് വരുമെന്ന് കരുതി മുലയൂട്ടാൻ വേറെ സ്ത്രീകളെ ഏൽപ്പിക്കാമോ?
മുലയൂട്ടാൻ മാതാവല്ലാതെ മറ്റു സ്ത്രീകളെ ഏൽപ്പിക്കൽ അനുവദനീയമാണ്.മുലയൂട്ടുന്ന സ്ത്രീകളെ തിരഞ്ഞെടുക്കുമ്പോൾ സൽസ്വഭാവിയും ദീനീനിഷ്ടയുള്ള സ്ത്രീകളെ ഏൽപ്പിക്കലും ഉത്തമമാണ്.മുലയൂട്ടുന്ന സ്ത്രീകളുടെ സ്വഭാവവും ജീവിതരീതിയും മുലയൂട്ടുന്ന കുട്ടികളിലും കാണപ്പെടുന്നുവെന്ന് ആധുനിക ശാസ്ത്രം പോലും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് മാതാവ് മുലയൂട്ടുന്നതാണ് ഏറ്റവും ഉത്തമം.മാതാവിൻറെ വാത്സല്യവും സ്നേഹവും പകർന്നു നൽകാനും കുട്ടികളെ സൽസ്വഭാവിയാക്കാനും അതുവഴി സാധിക്കും.മുലയൂട്ടുന്നതിലൂടെ മാതാവിൻറെ സൗന്ദര്യം നഷ്ടപ്പെടുമെന്നത് തെറ്റായ ധാരണയാണെന്ന് കൂടി പ്രത്യേകം ഉണർത്തട്ടെ.മുലയൂട്ടുന്നത് കുട്ടിയുടെ ആരോഗ്യത്തിനും യഥാവിധിയുള്ള വളർച്ചക്കും ആവശ്യമാണെന്നതു പോലെ ഉമ്മയുടെ ആരോഗ്യത്തിനും അത് ഏറെ സഹായകമാണ്. പ്രസവിച്ച ശേഷം കുട്ടികൾക്ക് മുലയൂട്ടാതിരിക്കുന്ന സ്ത്രീകളിൽ സ്തനാർബുദത്തിന് സാധ്യതയുള്ളതായി വൈദ്യശാസ്ത്രം പറയുന്നുണ്ട്.അതുപോലെ ഗർഭത്തെയും പ്രസവത്തെ യും തുടർന്ന് വികസിക്കുന്ന ഗർഭപാത്രം പൂർവസ്ഥിതിയിലാവാൻ സഹായിക്കുന്നത് ഓക്സിടോസിൻ എന്ന ഹോർമോൺ ആണ്.ഇത് സ്രവിക്കപ്പെടുന്നത് കുട്ടിക്ക് മുല കൊടുക്കുന്നതിലൂടെയാണെന്നാണ് ശാസ്ത്രം പറയുന്നത്. ഗർഭം ധരിക്കുന്ന വേളയിൽ സ്ത്രീകളുടെ ശരീരത്തിൽ ഏറെ കൊഴുപ്പ് അടിഞ്ഞുകൂടാറുണ്ട്. സാധാരണഗതിയിൽ ഗർഭത്തെ തുടർന്ന് സ്ത്രീകളുടെ ഭാരം 13 കിലോയോളം വർദ്ധിക്കാറുണ്ട്.ഇതിൽ സാധാരണഗതിയിൽ കുട്ടികളുടെ ഭാരം നാല് കിലോയേക്കാൾ കൂടാറില്ല.ബാക്കിവരുന്നതെല്ലാം ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ്.പ്രസവശേഷം ഈ കൊഴുപ്പിനെ നീക്കം ചെയ്യുന്നതിലും മുലയൂട്ടലിന് വലിയ പങ്കാണുള്ളത്. സ്നേഹനിർഭരമായ മാതൃപുത്ര് ബന്ധങ്ങൾ നിലനിർത്താൻ നാഥൻ തുണക്കട്ടെ.
ആൺകുട്ടിക്ക് സ്വർണം അണിയിക്കാൻ പാടുണ്ടോ? ഉണ്ടെങ്കിൽ എത്ര വയസ്സുവരെ?
ആൺകുട്ടികൾക്ക് സ്വർണ്ണം അണിയാമെന്നാണ് ശാഫിഈ മദ്ഹബിന്റെ അഭിപ്രായം.കുട്ടി(സ്വബിയ്യ്) എന്നത് കൊണ്ടുദ്ദേശിക്കുന്നത് പ്രായപൂർത്തിയാവുന്നത് വരെയാണ്. എന്നാൽ വകതിരിവ് എത്തുന്നതിനു മുമ്പായി അത് ഒഴിവാക്കുന്നത് ശേഷം അത് ശീലിക്കാതിരിക്കാനും പ്രായപൂർത്തിയായ- ശേഷവും അത് ധരിക്കുന്നതിനെ നിസ്സാരമായി കാണാതിരിക്കാനും സഹായകമാവും.
Comments
Post a Comment