സ്ത്രീകളുടെ മയ്യിത്ത് നിസ്കാരം..
ഒരു മുസ്ലിം മരിച്ചാൽ മയ്യിത്ത് നിസ്കരിക്കൽ ഫർള് കിഫായയാകുന്നു. ആ ഫർള് കിഫായ പുരുഷൻ ഉള്ളപ്പോൾ സ്ത്രീകൾ നിസ്കരിച്ചാൽ ഫർള് വീടുന്നതല്ല...
ഇമാം ഇബ്നു ഹജർ ഹൈതമി (റ) എഴുതുന്നു: മയ്യിത്ത് നിസ്കരിക്കുന്ന മഹല്ലിലോ, മഹല്ലിന് പുറത്തുള്ള ഭാഗത്തിൽ നിന്ന് നിസ്കരിക്കുന്ന മഹല്ലിലേക്ക് ചേർക്കപ്പെടുന്ന സ്ഥലത്തോ, പുരുഷന്മാരോ അല്ലെങ്കിൽ ഒരു പുരുഷനോ ഉള്ളപ്പോൾ സ്ത്രീകളെ കൊണ്ടോ നപുംസകങ്ങളെ കൊണ്ടോ ഏറ്റവും സ്വഹീഹായ അഭിപ്രായമനുസരിച്ച് നിസ്കാരത്തിന്റെ ഫർള് വീടുന്നതല്ല...
(തുഹ്ഫ: 3/148)
പുരുഷന്മാർ ഉള്ളപ്പോൾ സ്ത്രീകൾ നിസ്കരിച്ചാൽ ഫർള് വീടകയില്ലെന്നുറപ്പായി. എന്നാൽ സ്ത്രീകളുടെ നിസ്കാരം സുന്നത്തായി പരിഗണിക്കുമോ..? ഈ മസ്അലയിൽ കേരളത്തിലെ കഴിഞ്ഞുപോയ പണ്ഡിതരിൽ പ്രമുഖനും കർമശാസ്ത്ര വിശാരദനുമായ കുറ്റിക്കാട്ടൂർ ഇമ്പിച്ചാലി മുസ്ലിയാർ (ന.മ.) എഴുതുന്നു:
ഒരു പുരുഷൻ നിസ്കരിക്കുന്നതുകൊണ്ട് നിസ്കാരത്തിന്റെ കടമ നിർവഹിക്കപ്പെടും. പ്രായപൂർത്തി ഇല്ലാത്തവൻ ആണെങ്കിലും കൂടി പുരുഷൻ ഉണ്ടെങ്കിൽ സ്ത്രീകൾ നിസ്കരിച്ചാൽ കടമ നിർവഹിക്കപ്പെടുകയില്ല. പുരുഷന്മാരുടെ കൂടെയോ മുമ്പിലോ പിമ്പിലോ സ്ത്രീകൾക്ക് നിസ്കരിക്കാം. പുരുഷന്മാർ ഉള്ളപ്പോൾ സ്ത്രീകളുടെ നിസ്കാരം സുന്നത്തായി മാത്രമേ പരിഗണിക്കുകയുള്ളൂ.. പുരുഷന്മാർ ഇല്ലാത്ത സന്ദർഭത്തിൽ സ്ത്രീകളെ കൊണ്ട് ഫർള് വീടുകയും ചെയ്യും...
(മയ്യിത്ത് പരിപാലന നിയമങ്ങൾ:34)
പുരുഷന്മാർ ഉള്ളപ്പോൾ തന്നെ അവർക്ക് മുമ്പ് സ്ത്രീകൾ നിസ്കരിച്ചാൽ സുന്നത്തായി പരിഗണിക്കുമെന്നാണ് മേൽ വരികളിൽ നാം വായിച്ചത്. നിരവധി പണ്ഡിതന്മാരുടെ ഉസ്താദും കൂടിയാണ് മഹാനവർകൾ...

Comments
Post a Comment