അന്യരുടെ വീടുകളിൽ അന്യരായി ചെല്ലണം
മറ്റൊരാള്‍ താമസിക്കുന്ന വീടുകളില്‍ ചെല്ലുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളാണ് ഇവിടെ നിര്‍ദ്ദേശിക്കുന്നത്...
ഒരു വീട്ടില്‍ അന്യന് കാണാന്‍ പാടില്ലാത്ത അപമാനകരമായ പലതുമുണ്ടാകാം. ചിലപ്പോള്‍ അകത്തുള്ളവര്‍ ശരിക്ക് വസ്ത്രം ധരിച്ചിട്ടില്ലായിരിക്കാം. മറ്റൊരാള്‍ കേള്‍ക്കാന്‍ പാടില്ലാത്ത സംസാരങ്ങളോ കാണാന്‍ പറ്റാത്ത പ്രവര്‍ത്തിയോ നടക്കുന്നുണ്ടായിരിക്കാം. ഇത്തരം സന്ദര്‍ഭങ്ങള്‍ വീട്ടുകാര്‍ക്ക് മാത്രമല്ല പ്രവേശിക്കുന്നവര്‍ക്കും വിഷമമുണ്ടാക്കും. അത് കൊണ്ട് മുന്‍കൂട്ടി സമ്മതം ചോദിച്ച് അനുവാദം ലഭിച്ചാലല്ലാതെ ആ വീട്ടില്‍ പ്രവേശിക്കരുത്. പ്രവേശന മര്യാദ വിവരിക്കുന്ന ധാരാളം ഹദീസ് വന്നിട്ടുണ്ട്... അതില്‍ ചിലത് താഴെ വിവരിക്കാം :
(ഇന്‍ ശാ അല്ലാഹ്)
ഒരിക്കല്‍ അബൂ മുസല്‍ അശ്’അരി(റ) എന്ന സ്വഹാബി ഉമര്‍(റ)ന്റെ വീട്ടില്‍ ചെന്നു, മൂന്നു പ്രാവശ്യം സമ്മതം ചോദിച്ചിട്ടും കിട്ടിയില്ല. തന്നിമിത്തം അദ്ദേഹം മടങ്ങിപ്പോന്നു. പിന്നീട് ഉമര്‍(റ) പറഞ്ഞു : അബൂ മുസല്‍ അശ്അരി(റ) അനുവാദം ചോദിക്കുന്ന ശബ്ദമല്ലെ ഞാന്‍ കേട്ടത്? സമ്മതം കൊടുക്കുക. അപ്പോള്‍ വീട്ടിലുള്ളവര്‍ അദ്ദേഹത്തെ അന്വേഷിച്ചു. അപ്പോഴേക്കും അബൂ മുസല്‍ അശ്അരി(റ) പോയിക്കഴിഞ്ഞിരുന്നു. പിന്നീട് അബൂ മുസല്‍ അശ്അരി(റ) വന്നപ്പോള്‍ നേരത്തെ മടങ്ങിപ്പോവാന്‍ കാരണമെന്തെന്ന് ഉമര്‍(റ) ചോദിച്ചു.
അദ്ദേഹം പ്രതികരിച്ചു : ഞാന്‍ മൂന്നു വട്ടം അനുവാദം ചോദിച്ചു കിട്ടിയില്ല. നിങ്ങളില്‍ ഒരാള്‍ മുന്നു പ്രാവശ്യം അനുവാദം ചോദിച്ച് കിട്ടിയില്ലെങ്കില്‍ അവന്‍ തിരിച്ചു പോരട്ടെ എന്ന് നബിﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് എന്ന് അബൂ മുസല്‍ അശ്അരി(റ) പറഞ്ഞു...
ഒരിക്കല്‍ നബിﷺ സഅദുബ്നു ഉബാദ(റ) വീട്ടില്‍ പ്രവേശിക്കുവാന്‍ അനുവാദം ചോദിച്ചു കൊണ്ട് സലാം ചൊല്ലി. സഅദ്(റ) സലാം മടക്കിയെങ്കിലും നബിﷺ കേള്‍ക്കത്തക്ക വിധം ഉച്ചത്തിലായിരുന്നില്ല. ഇപ്രകാരം മൂന്നു വട്ടം ആവര്‍ത്തിച്ചു നബിﷺ മടങ്ങി. അപ്പോള്‍ സഅദ്(റ) പിന്നാലെ ചെന്ന് ഇങ്ങനെ പറഞ്ഞു : അല്ലാഹുﷻവിന്റെ ദൂതരെ, സത്യമായും സലാമുകളെല്ലാം എന്റെ കാതില്‍ പതിയുകയും ഞാല്‍ സലാം മടക്കുകയും ചെയ്തിട്ടുണ്ട്. അവിടന്ന് കേള്‍ക്കത്തക്ക വിധം ഉച്ചത്തില്‍ മടക്കാതിരുന്നത് ആ സലാമും ബറക്കത്തും എനിക്ക് അധികം ലഭിക്കേണ്ടതിനായിരുന്നു. അങ്ങനെ നബിﷺയെ അദ്ദേഹം വീട്ടില്‍ പ്രവേശിപ്പിക്കുകയും അവിടന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. (ഇമാം അഹ്മദ്, അബുദാവൂദ് എന്നിവര്‍ ഇത് ഉദ്ധരിച്ചിരിക്കുന്നു)
പ്രവേശനത്തിന് അനുവാദം ചോദിക്കുന്നതിന് മുമ്പാണ് സലാം ചോല്ലേണ്ടത് എന്നാണ് അധിക ഉലമാക്കളുടെയും അഭിപ്രായം...
സമ്മതം ചോദിക്കാൻ വാതിലിന്റെ വലഭാഗത്തോ ഇടഭാഗത്തോ നില്‍ക്കണം. നബിﷺ ഏതെങ്കിലും ഒരു വീട്ടിലേക്ക് ചെന്നാല്‍ വാതിലിന്റെ നേര്‍ക്ക് മുഖമിട്ട് നില്‍ക്കുകയില്ല. അതിന്റെ വലത് ഭാഗമോ ഇടത് ഭാഗമോ നിന്നു കൊണ്ട് സലാം പറയും. ഇത് അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്. അതു പോലെത്തന്നെ ആരാണെന്ന് ചോദിച്ചാല്‍ ഞാനാണ് എന്ന് പറയരുത്. ചോദ്യകര്‍ത്താവിന് മനസ്സിലാകുന്ന വിധം മറുപടി നല്‍കണം.
Comments
Post a Comment