തല മുടി കളയല്‍ ....
അലി (റ) പറഞ്ഞു : "സ്ത്രീകൾ തലമുടി കളയുന്നത് നബി ﷺ നിരോധിച്ചിരിക്കുന്നു".
(നസാഇ)
മറ്റൊരു നിവേദനം ഇങ്ങനെയാണ് : "സ്ത്രീകൾക്ക് മുണ്ഡനമില്ല. അവർക്കുള്ളത് മുടിവെട്ടൽ മാത്രമാണ്".
(അബൂദാവൂദ്)
പരിചരിക്കാൻ സൗകര്യത്തിനു വേണ്ടിയോ, സൗന്ദര്യം ഉദ്ദേശിച്ചോ സ്ത്രീകൾക്ക് മുടി വെട്ടിച്ചെറുതാക്കുന്നത് നിരോധിക്കപ്പെട്ടതല്ല. പ്രവാചക പത്നിമാർ അങ്ങനെ ചെയ്യാറുണ്ടായിരുന്നു. പക്ഷേ അത് ഒരിക്കലും പുരുഷരൂപത്തിലാകരുത്.
(അൽ അജ്‌വിബത്തുന്നാഫിഅ)
മരണമോ മറ്റു ദുരന്തങ്ങളോ വന്നുപെട്ടത് നിമിത്തം ദുഃഖാര്‍ത്തരായതിനാല്‍ നീണ്ട ദിവസങ്ങള്‍ മുടി വെട്ടി ചിട്ടപ്പെടുത്താതെ തുടരുന്നതും നബി ﷺ അനുവദിച്ചിരുന്നില്ല. മരണം മൂലം ഉണ്ടാകുന്ന ദുഃഖാചരണം കൂടിയാല്‍ മൂന്നു ദിവസമാണ്. അത് കഴിഞ്ഞാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങണം...
മുഅ്തഃ യുദ്ധത്തില്‍ മരിച്ച പിതൃവ്യന്‍ ജഅ്ഫര്‍(റ)വിന്റെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍ (റ) പറയുന്നു: ''നബി ﷺ ജഅ്ഫ്റിന്റെ കുടുംബത്തിനു മൂന്നു ദിവസം (ദുഃഖാചരണത്തിന്ന്) സാവകാശം നല്‍കി. പിന്നീട് അവരുടെ അടുത്ത് ചെന്ന് പറഞ്ഞു: 'എന്റെ സഹോദരന്റെ കാര്യത്തില്‍ ഇനി നിങ്ങള്‍ കരഞ്ഞ് ഇരിക്കരുത്.' എന്നിട്ടു പറഞ്ഞു: 'എന്റെ സഹോദരന്റെ മക്കളെ എനിക്ക് വിളിച്ചു തരൂ.' അപ്പോള്‍ ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടുവരപ്പെട്ടു. എന്നിട്ട് നബി ﷺ പറഞ്ഞു: 'ഒരു ബാര്‍ബറെ കൊണ്ട് വരൂ.' അങ്ങനെ നബി ﷺ അവരോട് കുട്ടികളുടെ മുടിയെല്ലാം കളയാന്‍ കല്‍പിച്ചു'' (അബൂദാവൂദ്). (അവരെ ജീവിതത്തിന്റെ സാധാരണ അവസ്ഥയിലേക്ക് മടക്കി കൊണ്ടുവരുവാനും മുടി വെട്ടാനും നബി ﷺ തന്നെ മുന്‍കൈ എടുത്തു എന്നര്‍ത്ഥം).
തലമുടി കളയല്‍ നിരുപാധികം സുന്നത്തില്ല. എന്നാല്‍ കളയാതിരിക്കല്‍ കൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയോ മുടി പരിപാലിച്ചു നിര്‍ത്താന്‍ പ്രയാസകരമാവുകയോ ചെയ്താല്‍ കളയല്‍ സുന്നത്താണ്...
അതുപോലെ ഹജ്ജ്-ഉംറ, ഇസ്‌ലാം മതം സ്വീകരിക്കുക എന്നിവയുമായി ബന്ധപ്പെട്ടു തലമുടി കളയല്‍ സുന്നത്താണ്. പ്രസവിക്കപ്പെട്ട കുഞ്ഞിന്റെ മുടി കളയലും സുന്നത്താണ്. മുടി കളയാതിരിക്കല്‍ മോശമായി കണക്കാക്കപ്പെടുന്ന വേളയിലും കളയല്‍ സുന്നത്തുണ്ട്.
☘അലിയ്യുശബ്‌റാ മല്ലിസി (2/342 നോക്കുക☘
Comments
Post a Comment